---
title: "ഹലാൽ ഫായിദ തട്ടിപ്പ്: 'പാർട്ടി തട്ടിപ്പിന് കൂട്ടുനിൽക്കുകയാണ്, നിക്ഷേപകർക്ക് പണം തിരികെ നൽകാൻ ബാധ്യതയുണ്ട്', സമഗ്ര അന്വേഷണം വേണമെന്ന് ടി.കെ. ഗോവിന്ദൻ എം.എൽ.എ"
english_title: " TK Govindan MLA Slams CPM-Backed Halal Faidah Over Investment Fraud, Seeks Probe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378362/ kannur-halal-faidah-investment-fraud-tk-govindan-demands-probe"
published_at: "2026-08-13T17:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7db20894c4c_kannur-halal-faidah-investment-fraud-tk-govindan-demands-probe.jpg"
keywords: ["Halal Faidah Bank Scam", "CPM Bank", "Investment Fraud", "TK Govindan MLA"]
---

# ഹലാൽ ഫായിദ തട്ടിപ്പ്: 'പാർട്ടി തട്ടിപ്പിന് കൂട്ടുനിൽക്കുകയാണ്, നിക്ഷേപകർക്ക് പണം തിരികെ നൽകാൻ ബാധ്യതയുണ്ട്', സമഗ്ര അന്വേഷണം വേണമെന്ന് ടി.കെ. ഗോവിന്ദൻ എം.എൽ.എ

> **Lead Summary:** കണ്ണൂർ: സി.പി.എമ്മിന്റെ ഇസ്ലാമിക് ബാങ്കിംഗ് സംരംഭമായ ഹലാൽ ഫായിദയിലെ നിക്ഷേപകരുടെ പരാതിയിൽ രൂക്ഷവിമർശനവുമായി ടി.കെ. ഗോവിന്ദൻ എം.എൽ.എ രംഗത്തെത്തി. സൊസൈറ്റിയുടെ പ്രസിഡന്റും പ്രൊമോട്ടറുമായ സി.പി.എം നേതാവ് എം. ഷാജിറിന് സാമ്പത്തിക കൃത്രിമത്തിൽ വലിയ ഉത്തരവാദിത്തമുണ്ടെന്നും നിക്ഷേപകർക്ക് പണം തിരികെ നൽകാൻ സൊസൈറ്റിക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

## Article Content

കണ്ണൂർ: സി.പി.എമ്മിന്റെ ഇസ്ലാമിക് ബാങ്കിംഗ് സംരംഭമായ ഹലാൽ ഫായിദയിലെ നിക്ഷേപകരുടെ പരാതിയിൽ രൂക്ഷവിമർശനവുമായി ടി.കെ. ഗോവിന്ദൻ എം.എൽ.എ രംഗത്തെത്തി. സൊസൈറ്റിയുടെ പ്രസിഡന്റും പ്രൊമോട്ടറുമായ സി.പി.എം നേതാവ് എം. ഷാജിറിന് സാമ്പത്തിക കൃത്രിമത്തിൽ വലിയ ഉത്തരവാദിത്തമുണ്ടെന്നും നിക്ഷേപകർക്ക് പണം തിരികെ നൽകാൻ സൊസൈറ്റിക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി തട്ടിപ്പിന് കൂട്ടുനിൽക്കുകയാണെന്നും നിക്ഷേപ തുക തിരിച്ചുനൽകാൻ അടിയന്തര നടപടി വേണമെന്ന് താൻ നേരത്തെ ആവശ്യപ്പെട്ടിരുന്നുവെന്നും ഗോവിന്ദൻ വ്യക്തമാക്കി. വിഷയം പാർട്ടി കമ്മിറ്റികളിൽ താനുള്ളപ്പോൾ തന്നെ ചർച്ചയായതാണെന്നും, നിക്ഷേപം തിരിച്ചുകൊടുക്കണമെന്ന് ജില്ലാ കമ്മിറ്റിയിൽ നിർദ്ദേശം ഉയർന്നിട്ടും ഒരു ഫലവും ഉണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സഹകരണ വകുപ്പ് മന്ത്രിക്കും പരാതി നൽകിയിട്ടുണ്ടെന്നും, പരാതിയിൽ അന്വേഷണം നടത്തി തക്കതായ നടപടിയുണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും ടി.കെ. ഗോവിന്ദൻ കൂട്ടിച്ചേർത്തു.

9 വർഷം മുമ്പ് തുടങ്ങിയ സംരംഭം. ഇസ്ലാമിക് ബാങ്കിംഗ് രീതിയിൽ സി.പി.എം നിയന്ത്രണത്തിൽ തുടങ്ങിയ ഹലാൽ ഫായിദ സഹകരണ സംഘം ഇപ്പോൾ പൂട്ടിയ നിലയിലാണ്.

2017 ഡിസംബറിൽ മുസ്ലീം ന്യൂനപക്ഷത്തെ ഒപ്പം കൂട്ടുകയെന്ന രാഷ്ട്രീയ ലക്ഷ്യം മുൻ നിർത്തിയാണ് പലിശ രഹിത ബാങ്കിംഗ് രീതിയിൽ ഹലാൽ ഫായിദ സഹകരണ സംഘത്തിന് സി.പി.എം കണ്ണൂരിൽ തുടക്കം കുറിച്ചത്. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ഉദ്ഘാടകൻ.

ചീഫ് പ്രൊമോട്ടറായി അന്നത്തെ ഡി.വൈ.എഫ്.ഐ ജില്ലാ ഭാരവാഹിയായിരുന്ന എം. ഷാജറിനെയാണ് നിയോഗിച്ചത്.ബീഫ് കയറ്റുമതി ഉൾപ്പെടെയുള്ള പദ്ധതികൾ തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം. നിക്ഷേപം സ്വീകരിച്ച് ഓഫീസുകൾ തുറന്നെങ്കിലും വൈകാതെ പ്രവർത്തനം നിലച്ചു. നിക്ഷേപകരുടെ പരാതി

9 വർഷം മുമ്പ് നിക്ഷേപിച്ച പണം തിരികെ കിട്ടാതായതോടെയാണ് നിക്ഷേപകർ പരാതിയുമായി രംഗത്തെത്തിയത്. വരവ്-ചെലവ് കണക്ക് എവിടെയും അവതരിപ്പിച്ചിട്ടില്ലെന്നും ഭരണ സമിതി ആരാണെന്ന് പോലും വ്യക്തമല്ലെന്നും നിക്ഷേപകനായ നാസർ കെ.പി ആരോപിച്ചു.

ചീഫ് പ്രൊമോട്ടറായിരുന്ന എം. ഷാജർ ഫോൺ വിളിച്ചാൽ പോലും എടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് നാസർ ടി.കെ. ഗോവിന്ദൻ എം.എൽ.എ മുഖേന മുഖ്യമന്ത്രിക്ക് പരാതി നൽകി. പരാതിയിൽ പ്രതികരിക്കാനില്ലെന്നാണ് എം. ഷാജർ അറിയിച്ചത് എന്നാണ് വിവരം.

**English Summary:**

CPM MLA TK Govindan criticised the CPM-backed Islamic banking venture Halal Faidha in Kannur over investment fraud allegations. He said society president and promoter CPM leader M. Shajer bears major responsibility and the society must repay investors. Govindan stated he had raised the issue in party committees earlier and has now filed complaints with the Chief Minister and Cooperation Minister seeking a comprehensive probe. Investors allege that money deposited 9 years ago has not been returned. The cooperative, launched in December 2017, is now defunct and its accounts have not been presented.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378362/ kannur-halal-faidah-investment-fraud-tk-govindan-demands-probe)